ശുംഭവധം കുത്തിയോട്ടപ്പാട്ട്
ശുംഭവധം കുത്തിയോട്ടപ്പാട്ട്
കോട്ടൂർ വേലായുധൻ വൈദ്യൻ
കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് മുതൽ മധ്യതിരുവിതാംകൂറിലെ കോട്ടയം വരെയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന പ്രമുഖ അനുഷ്ഠാന നിർവഹണമാണ് കുത്തിയോട്ടം. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിന് പാട്ടുകളുണ്ടെങ്കിലും, അവയ്ക്ക് ഇതിവൃത്തപരമോ ആഖ്യാനപരമോ ആയ സുഘടിതത്വമില്ല. എന്നാൽ, മധ്യ തിരുവിതാംകൂറിലേക്ക് എത്തുമ്പോൾ കുത്തിയോട്ടപ്പാട്ടുകൾക്ക് കൃത്യമായ അടുക്കും ചിട്ടയും താളനിബദ്ധതയും മികച്ച ഇതിവൃത്തഘടനയും കൈവരുന്നു. മുതുകുളം, കീരിക്കാട് പ്രദേശവാസികളായ കവികൾ നമ്പ്യാർ കൃതികളും കഥകളിപ്പാട്ടുകളും കുത്തിയോട്ടപ്പാട്ടുകളായി മൊഴിപ്പകർച്ച നടത്തി. ഓണാട്ടുകരയിലെ സർഗ്ഗധനന്മാരായ ഇത്തരം കവിഗുരുക്കന്മാരിലൂടെയാണ് അനുഷ്ഠാനപ്പാട്ടുകളുടെ ലോകത്ത് കുത്തിയോട്ടപ്പാട്ടുകൾക്ക് ഇത്രയേറെ സവിശേഷസ്ഥാനം ലഭിച്ചത്.
കരടിപ്പാട്ടുപോലുള്ള, താനവട്ട സുരഭിലമായ അവതരണങ്ങൾ നിലനിന്നിരുന്ന കൊല്ലം-കായംകുളം പ്രദേശങ്ങളിൽ വച്ച്, വൈവിധ്യമാർന്ന പല നാടൻ കലാരൂപങ്ങളുടെയും കവിക്കെട്ടു മാതൃകകൾ സ്വീകരിച്ചുകൊണ്ടാണ് ഈ പാട്ടുസാഹിത്യം വളർന്നത്. കരടിപ്പാട്ട്, വഞ്ചിപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിരക്കളിപ്പാട്ട്, കുമ്മിപ്പാട്ട്, വില്ലടിച്ചാൻപാട്ട്, വണ്ടിപ്പാട്ട്, കുറത്തിപ്പാട്ട്, സന്ധ്യാനാമങ്ങൾ തുടങ്ങിയ നാടൻ പാട്ടുകളുടെ ശീലുകളും ശൈലികളും കവികൾ സ്വീകരിച്ചു. അവയെ വിവിധ പാദങ്ങളാക്കി വിഭജിച്ച്, തങ്ങളുടെ ആഖ്യാനങ്ങളെ കാവ്യാത്മകമായി വിടർത്തി അവതരിപ്പിച്ചു. ഇത് പാട്ടുകൾക്ക് നവചേതനയും ജനകീയതയും ആകർഷകത്വവും നൽകി; കുത്തിയോട്ടപ്പാട്ടിനെ ഗ്രാമീണ ജനങ്ങളുടെ ഹൃദയങ്ങളിൽ തരംഗമാക്കി മാറ്റാനും ഈ പ്രാദേശിക ചേരുവകൾ ഉപകരിച്ചു.
ഇത്തരം പ്രാദേശിക ചേരുവകളുടെ ഉദാത്ത മാതൃകയാണ് മീനത്തേതിൽ കേശവപിള്ളയുടെ 'ദേവീമാഹാത്മ്യം കുത്തിയോട്ടപ്പാട്ട്'. അതേ ഇതിവൃത്തത്തെ, പരമാവധി ലളിതമായ മലയാള പദങ്ങൾ കൊണ്ടു കൊരുത്തെടുത്ത് നമുക്കു നൽകുകയാണ് 'ശുംഭവധം കഥപ്പാട്ടി'ലൂടെ കോട്ടൂർ വേലായുധൻ വൈദ്യർ. പൗരാണികമായ ദേവീമാഹാത്മ്യ കഥയെ കവി ചാരുതയോടെ അവതരിപ്പിക്കുമ്പോൾ, താളവൈവിധ്യത്തിനായി സ്വീകരിച്ച പാദങ്ങളിൽ ജനങ്ങളുടെ നാവിൻതുമ്പിൽ പാടിപ്പതിഞ്ഞ നാടൻ ശീലുകളുടെ മട്ടുകളെ സന്നിവേശിപ്പിച്ചിരിക്കുന്നു. കുത്തിയോട്ടത്തിന്റെ പാട്ടുപൈതൃകത്തെ ദ്രാവിഡ പാരമ്പര്യത്തിന്റെ ആഴമുള്ള വേരുകളിലേക്ക് ആഴ്ത്തിക്കെട്ടുന്നു എന്നതാണ് ഈ കൃതിയുടെ ചരിത്രപരമായ പ്രാധാന്യം.
കുത്തിയോട്ട പാട്ടുസാഹിത്യ ചരിത്രത്തിൽ പന്ത്രണ്ടു പാദങ്ങളും, ഏറ്റവും കൂടുതൽ വ്യത്യസ്ത താളങ്ങളും, ഏറ്റവും കൂടുതൽ ചുവടുകളുമുള്ള പാട്ട് എന്ന അപൂർവ്വ ഖ്യാതി ഈ കൃതിക്കു മാത്രമാണുള്ളത്. സാഹിത്യപരമായും ഭാഷാപരമായും ഭക്തിസാന്ദ്രമായും രചിക്കപ്പെട്ട ഈ ഉത്തമകൃതി പുനരവതരിപ്പിക്കുന്നതിൽ കൂട്ടും തുണയുമായ ആവേദകർക്കും കവിയുടെ കുടുംബാംഗങ്ങൾക്കും വേലഞ്ചിറയിലെ നാട്ടുകാർക്കും കൃതഞ്ജത അറിയിക്കുന്നു. നമ്മുടെ കുത്തിയോട്ട സാഹിത്യശാഖയ്ക്കും അനുഷ്ഠാന പാരമ്പര്യത്തിനും ഇതൊരു വലിയ വരദാനമാണെന്ന കരുതലോടെ ഈ കൃതിയെ സസന്തോഷം ബഹുജനസമക്ഷം പുനരവതരിപ്പിക്കുന്നു.
ഹരികുമാർ ഇളയിടത്ത്
Comments
Post a Comment