അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

 ബോധി ബുക്സ് | റിവ്യൂ



_________________________


പുസ്തകം 

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

കാവാലം ബാലചന്ദ്രൻ 

വില: 270 രൂപ                                                           ബോധി ബുക്സ്, കൊല്ലം -691576                       ഫോൺ: 9447304886

_________________________


കാവാലം ബാലചന്ദ്രൻ്റെ 'അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും', കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ്. ഏഴ് അദ്ധ്യായങ്ങളിലായി, നമ്പ്യാരെക്കുറിച്ചു ലഭ്യമായിട്ടുള്ള മിക്ക കൃതികളും പഠനവിധേയമാക്കിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള അറിയപ്പെടാത്ത പല വസ്തുതകളിലേക്കും ചരിത്രരേഖകളിലേയ്ക്കും വെളിച്ചം വീശാൻ ഗ്രന്ഥകാരനു കഴിയുന്നു. പൂർവ്വ കവികളിൽ നിന്നും അവരുടെ കൃതികളിൽ നിന്നും നമ്പ്യാർ സ്വീകരിച്ച പരിവർത്തനോന്മുഖ വ്യതിയാനങ്ങളെ പറ്റി കാര്യമായ പര്യാലോചനകൾ പുസ്തകം മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളിലെ അർത്ഥ ശൂന്യതയെയും വ്യക്തമാക്കുന്നു.

നമ്പ്യാർക്കൃതികളിൽ, സാഹിത്യ മർമ്മജ്ഞനായ കുട്ടിക്കൃഷ്ണമാരാര് അനൗചിത്യം ആരോപിക്കുന്നുണ്ട്. കല്യാണസൗഗന്ധികം, നളചരിതം എന്നീ തുള്ളൽക്കൃതികളെ വിമർശിക്കുമ്പോൾ മാരാർ നമ്പ്യാരുടേത് സാമൂഹ്യവിമർശനം ലക്ഷ്യമാക്കിയുള്ള കാവ്യരചനയാണെന്ന പരിഗണന കൊടുക്കുന്നില്ല.

അതിൻ്റെ ന്യായാന്യായങ്ങളിലേയ്ക്കു കടന്നിട്ട് ബാലചന്ദ്രൻ എഴുതുന്നു: 'എല്ലാ സാഹിത്യ വിമർശനങ്ങളും വിമർശകൻ സ്വരൂപിച്ചെടുക്കുന്ന ലാവണ്യ ബോധത്തിൽ അധിഷ്ഠിതമാണ്.

മാരാരുടെ ലാവണ്യപദ്ധതിയിൽ നമ്പ്യാർക്ക് ഇടമില്ല എന്നു പറയാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നുമുണ്ട്.  പിന്നെയെന്തിനു നാം ക്ഷോഭിക്കണം?' (പേജ് 118 )

ഈ വിധത്തിൽ സമചിത്തതയാർന്ന ഒരു ദർശനം ബാലചന്ദ്രൻ്റെ രചനാരീതിയിൽ കാണാം. നമ്പ്യാരുടെ ചില മൗലികവർണ്ണനകളിൽ ഹാസ്യത്തിനവസരമുണ്ടായിട്ടും ഹാസ്യമുപയോഗിക്കുന്നില്ല, കവിത്വസിദ്ധിയുടെ സൗന്ദര്യപ്പൊലിമ മാത്രമേയുള്ളുവെന്ന നിരീക്ഷണം ശ്രദ്ധേയമാണ്. 'അംബരീഷചരിത ' ത്തിൽ നിന്നുള്ള ഉദ്ധരണം ഇതു വ്യക്തമാക്കുന്നു.

'സത്വരമൃഷിസത്തമനദ്ദിശി                  നിന്നഥ പാഞ്ഞു തുടങ്ങീ                  കാടുകൾ പലമേടുകളുരുതര      തോടുകളദ്രിതടങ്ങൾ                          വാടികൾ പല വീടുകളിങ്ങനെ യുള്ളൊരു ദിക്കുകളെല്ലാം          വാടിയുമഴൽ തേടിയുമത്തടി വാടിയുമാടിയുമുള്ളം നാടകമതിലാരുമൊരാശ്രയ                        മില്ല മുനീന്ദ്രനു പാർത്താൽ'

കുഞ്ചൻ്റെ ഹാസ്യത്തിൻ്റെ വിവിധവിതാനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഇതിൽ വി.കെ.എൻ-ൻ്റെ ഒരു കഥ  ചേർത്തിരിക്കുന്നത് ഹൃദ്യമായിരിക്കുന്നു.

ഗജചികിത്സയിൽ ഒരു നാട്ടുവൈദ്യനെ (കേശു നമ്പൂതിരി) തിരുത്തുന്ന 

കുഞ്ഞൻ മേനോനോട് നമ്പൂതിരി ചോദിക്കുന്നു: 'ഏതു പ്രമാണമനുസരിച്ചാണ് മേനോൻ്റെ വിധി?'

കാര്യസ്ഥൻ കുഞ്ഞൻ മേനോൻ്റെ മറുപടി ഇതായിരുന്നു: 'കുഞ്ചൻ നമ്പ്യാർ പ്രമാണം'. എന്നിട്ടു കിരാതത്തിലെ രണ്ടു വരിചൊല്ലി, 'ദുഷ്ടുകണക്കെ വരട്ടും വ്രണമതു        പൊട്ടും പിന്നെയുമൊരു സമയത്തിൽ'

ജനജീവിതവുമായി ഇത്ര ആഴത്തിൽ ബന്ധപ്പെട്ടുനിന്ന ഒരു കവി വേറെ ഇല്ല.  സംഗീതം, ചികിത്സ, പ്രസവശുശ്രൂഷ, നാടൻ കലാരൂപങ്ങൾ, ശാസ്ത്രീയ കലകൾ വിവിധമേഖലകളിൽ പെട്ട വ്യക്തികളുടെ അക്കാലത്തെപ്രവർത്തന മേഖലകൾ (ജ്യോതിഷം, ചെപ്പടി വിദ്യ, വൈദ്യം), സദ്യവട്ടങ്ങൾ  തുടങ്ങിയവയിലെല്ലാം കവി നേടിയ പരിചയവും സാമൂഹികബോധവും  ആ കൃതികളിലെല്ലാം വ്യാപിച്ചുകിടക്കുന്നത് ഗ്രന്ഥകർത്താവ്  ഉദ്ധരണങ്ങൾ സഹിതം വിശദമായി പ്രതിപാദിക്കുന്നു (അദ്ധ്യായം 7, തുള്ളലിലെ നമ്പ്യാരെഴുത്തുകൾ)

പുളിന്ദീമോക്ഷം, സന്താനഗോപാലം, ഗണപതിപ്രാതൽ എന്നീ കൃതികൾ നമ്പ്യാരുടേതല്ലെന്നു സ്ഥാപിക്കുന്നുണ്ട്. 

യുക്തിസഹമായ നിരവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണത്. പദപ്രയോഗ ചാരുതയുടെ കുറവ്, ആവർത്തനം, സ്ഖലിതങ്ങൾ, നമ്പ്യാരിൽനിന്നു പ്രതീക്ഷിക്കാനാകാത്ത വർണ്ണനകൾ, പ്രസ്താവനകൾ എന്നിവയൊക്കെ നിരീക്ഷണത്തിനെടുക്കുന്നു (അദ്ധ്യായം 4, നമ്പ്യാരുടെ തുള്ളൽക്കൃതികൾ).

കുഞ്ചൻ നമ്പ്യാരെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഇത് ഒരു മികച്ച റഫറൻസ് ഗ്രന്ഥം ആയിരിക്കുന്നു. ഒരു പ്രചോദിതരചനയുടെ എല്ലാ സാഫല്യങ്ങളും നമുക്ക് ഇതിൽ കാണാം.

ഡോ. ആർ. ഗീതാദേവിയുടെ പ്രവേശിക കൃതിയുടെ എല്ലാ സവിശേഷതകളെയും വിദഗ്ദ്ധമായി അവലോകനം ചെയ്യുന്നു.


 രാജൻ കൈപ്പട്ടൂർ

വൈകുണ്ഠം,                                        മുളന്തുരുത്തി പി.ഓ.             എറണാകുളം-682314

ഫോൺ: 94466 08230


___________________

Comments

Popular posts from this blog

കവിത

ഡോ. ഏവൂര്‍ മോഹന്‍ദാസ്

രചനകൾ ക്ഷണിക്കുന്നു..