വനിതാദിനക്കുറിപ്പ്

സ്ത്രീ

സുജാ ഗോപാലന്‍ 

എനിക്കൊരു കണ്ണാടി വേണം; എനിക്കെന്നെ തന്നെ മുഴുവനായ് കാണാൻ. ചില സ്വപ്നങ്ങൾ അങ്ങനെയാണ് അവ ആകാശക്കീറിൽ തട്ടി താഴെ വീണുടയാറില്ല. എന്നാലത് ആയിരം ചിറകിലേറി പറന്നുയരാനും മതി. എങ്കിലും എവിടെയും സ്ത്രീ സുരക്ഷിതയല്ല. ഭയമല്ല എനിക്ക് തോന്നുന്നത്. അറപ്പും വെറുപ്പുമാണ്. 

2022 മാർച്ച് 8. ഇന്ന് ലോക വനിതാ ദിനമായി നമ്മൾ ആചരിക്കുന്ന ഈ അവസരത്തിൽ അമ്മയെ പടിയിറക്കി വിടുന്ന മക്കൾക്കു വേണ്ടിയാണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്.

അമ്മയെ പടിയിറക്കി വിടുമ്പോൾ, അവരുടെ ഉണങ്ങിയ മുലക്കണ്ണുകൾ വീണ്ടും ദയ ചുരത്തിയേക്കാം. വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ അമ്മിഞ്ഞപ്പാലോർമ്മകളിൽ ചെന്നിനായകം പുരട്ടുക. അപശ്രുതി മീട്ടുന്ന ഹൃദയത്തിനുള്ളിൽ നിന്ന് പേറ്റുനോവോർമ്മകളുടെ മധുരപ്പെയ്ത്തുകൾ. ആദിഭാഷയിലൊരു അനാദിയാം താരാട്ടായ് തേങ്ങുന്നുവെങ്കിൽ, നന്ദികേടിൻ്റെ മുരരത കൊണ്ട് ചെവി മൂടുക. ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട് കണ്ണീരുപ്പും ചേർത്തു ഇല്ലായ്മകൾ വേവിച്ച് വല്ലായ്മകൾ മറച്ചുവെച്ച വറുതി നാളുകളിൽ ശൂന്യതയിലേക്ക് നോക്കി തേയ്മാനം വന്നകുഴിഞ്ഞ കൺകോണുകളിൽ സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം.

സൂക്ഷിച്ചു നോക്കരുത്. പതറിപ്പോയേക്കാം. ചുടു കണ്ണീർത്തുള്ളികൾ ഇറ്റിറ്റു വീണ് പൊള്ളി കരുവാളിച്ച പാടുകൾ സൂക്ഷിച്ചു നോക്കിയാൽ മേനിയിൽ കാണാം. അതുമതിയാകും അമ്മയുടെ സ്മരണക്കായ്. 

കേരളത്തിലുള്ള എല്ലാ സ്ത്രീ സമൂഹത്തിനും അതിന് കുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ പ്രായ വ്യത്യാസമില്ലാതെയാണ്  പീഡിപ്പിക്കപ്പെടുന്നത്. അവൾക്കു വേണ്ടിയും കുഞ്ഞുങ്ങൾക്കു വേണ്ടിയും വൃദ്ധകൾക്കു വേണ്ടിയും നമ്മൾ പോരാടണം. ഇനിയും നമ്മുടെ ഒരു വനിതകൾക്കും ഈ അവസ്ഥവരരുത്. എനിക്ക് നിയമമറിയില്ല രാഷ്ട്രീയ മറിയില്ല. മനുഷ്യൻ്റ വേദന മാത്രമേ എനിക്കറിയൂ. പക്ഷേ അതിന് ഈ സമൂഹത്തിന് യാതൊരു വിലയുമില്ല എങ്കിലും നമുക്കൊരുമിക്കാം. നമ്മുടെ മക്കൾക്കു വേണ്ടി, ഈ സ്ത്രീ സമൂഹത്തിനു വേണ്ടി.


എഴുത്ത്:

സുജാ ഗോപാലൻ



Comments

Popular posts from this blog

BODHI BOOKS News | പുസ്തക വാര്‍ത്ത

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

ഡോ. ഏവൂര്‍ മോഹന്‍ദാസ്