പനച്ചൂരാന്‍ സ്മൃതി
ഓര്‍മ്മ
'പനച്ചൂരാന്‍ ഓണാട്ടുകരഭാഷയെ സാംസ്കാരിക പ്രതിരോധമാക്കി'
പത്തിയൂര്‍: സാംസ്കാരിക രംഗത്ത് അധീശത്വം പുലര്‍ത്തുന്ന ഉത്തരകേരളത്തിന്‍റെ ഭാഷയെ, വിശിഷ്യ, വളളുവനാടന്‍ ശൈലിയെ പ്രതിരോധിച്ച് സ്വന്തം പ്രദേശത്തിന്‍റെ സ്വത്വവും ഭാഷയും ശൈലിയും പ്രയോഗവും കവിതകളിലും ചലച്ചിത്ര - ലളിത ഗാനങ്ങളിലും കൊണ്ടുവന്ന എഴുത്തുകാരനാണ് അനില്‍ പനച്ചൂരാനെന്ന് കേരള യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ ഡോ. സജിത് ഏവൂരേത്ത്.
കവി അനില്‍ പനച്ചൂരാന്‍റെ വിയോഗത്തിന്‍റെ മുപ്പതാം തിഥിയോടനുബന്ധിച്ച് പ്രാദേശിക ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആറാട്ടുകുളങ്ങര കളിത്തട്ടില്‍ നടന്ന 'പനച്ചൂരാന്‍ സ്മൃതി'യില്‍ 'ഓണാട്ടുകരഭാഷയുടെ ചൈതന്യം പനച്ചൂരാന്‍ കൃതികളില്‍' എന്നവിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓണാട്ടുകരയുടെ ജൈവപരിസരത്തു നിന്നുളള വാക്കുകളും ചൊല്ലുകളും ശൈലികളുമാണ് പനച്ചൂരാന്‍ കടം കൊണ്ടത്. വിടുവായന്‍ തവള, സൂചിമുഖിക്കുരുവി, നടവരമ്പോര്‍മ്മയില്‍ കണ്ടു തുടങ്ങിയ ധാരാളം പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളെ ചൈതന്യവത്താക്കി. ഓണാട്ടുകരയുടെ കാര്‍ഷിക, സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നാണ് ഇത്തരം വാക്കുകളും പ്രയോഗങ്ങളും പനച്ചൂരാന്‍ കവിതകളിലേക്ക് നടന്നു കയറിയത്. അത് ഒരെഴുത്തുകാരനെ സംബന്ധിച്ച് അസ്തിത്വവും പ്രതിരോധവുമാണ് - ഡോ. സജിത് ചൂണ്ടിക്കാട്ടി.
അഡ്വ. അമല്‍രാജ് ആധ്യക്ഷം വഹിച്ചു.
ചടങ്ങില്‍ ശ്രദ്ധാജ്ഞലി, കാവ്യാഞ്ജലി, ദീപാഞ്ജലി എന്നിവ നടന്നു. പ്രൊഫ. പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് സ്മൃതി ഉദ്ഘാടനം ചെയ്തു.
ഡി. അശ്വനിദേവ്, സ്വാമി സുനില്‍ സിത്താര്‍, മുതലശ്ശേരില്‍ ശശികുമാര്‍, പത്തിയൂര്‍ വിശ്വന്‍, സജ്ജന്‍ മേടയില്‍, അനില്‍കുമാര്‍ ഏ. ആര്‍ എന്നിവര്‍ ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് സംസാരിച്ചു
ജിജി ഹസ്സൻ, മാങ്കുളം ജി.കെ നമ്പൂതിരി,
ബിനു തങ്കച്ചന്‍, കണ്ടല്ലൂർ ലാഹിരി, ബിജു. എസ്സ്. എസ്സ്, ലത അനിൽ, നമ്രത കിണി, ശ്രീജ മനോജ്, ബിന്ദു രാഗസുധ, കരുവാറ്റ പങ്കജാക്ഷന്‍, സത്യശീലന്‍ കാര്‍ത്തികപ്പളളി, അനില്‍ മാവേലിക്കര, വിശ്വന്‍ കരുവാറ്റ, അനി കായംകുളം തുടങ്ങിയവര്‍ പനച്ചൂരാന്‍റെ കവിതകള്‍ കോര്‍ത്തിണക്കി കാവ്യാഞ്ജലി അര്‍പ്പിച്ചു.
സമാപനചടങ്ങില്‍ ചെരാതുകള്‍ തെളിച്ച് നാട്ടെഴുത്തുകൂട്ടം അന്തരിച്ച കവിസുഹൃത്തിന് ദീപാഞ്ജലി സമര്‍പ്പിച്ചു.
പ്രഭാഷ് എരുവ, ബിനു വടശ്ശേരില്‍, സനല്‍കുമാര്‍, ഹരികുമാര്‍ ഇളയിടത്ത്, ജി. ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.
Comments
Post a Comment