കവിത
സ്വപ്നവും യാത്രയും
• സതീശന്‍ ബി
പ്രതീക്ഷകൾ കോർത്തിണക്കി
സ്വപ്നം കാണാൻ പഠിച്ചപ്പോൾ
കണ്ട സ്വപ്നങ്ങളിലെ കാഴ്ചകളും
അതിലെ സത്യങ്ങളും തേടിയുള്ള
യാത്രകളായിരുന്നു .
പിന്നീട്
അവസാനിക്കാത്ത
യാത്രകളിലെ
അവസാനിക്കാത്ത
വഴികളെതേടി
പിന്നെയും യാത്ര.
കണ്ടറിഞ്ഞ സത്യങ്ങൾ
പലതും
സ്വപ്നത്തിൽ കണ്ടതിന്റെ
വിപരീതങ്ങളായിരുന്നു
പലതും പലർക്കും വേണ്ടി
എഴുതപ്പെട്ടതോ
കൂട്ടിച്ചേർത്തതോ
സ്വന്തമായി കൽപ്പിക്കപ്പെട്ടതോ
ആയിരുന്നു.
അവചരിത്രമായി
പഠനവിഷയമായി
പഠിച്ചതിൽ പലതും
അസത്യമെന്ന് കാലം പഠിപ്പിച്ചു.
വീണ്ടും സ്വപ്നം കാണുമെന്ന്
പേടിച്ച് ഉറങ്ങാതിരിന്നു
പണ്ടു നടന്നകന്ന വഴികളിലാകെ
അസ്വാതന്ത്ര്യത്തിന്റെ
വെടിയൊച്ചകളും
മരണഭയത്താൽ
ഭീതിപൂണ്ട
മുഖങ്ങളുമായിരുന്നു.
ആ ഭീതിയിൽ മിഴിപൂട്ടി
ഉറങ്ങാനായ് ...
കനവുകൾ കാണാതെ
ഉണരാതുറങ്ങുവാൻ...
Comments
Post a Comment