നാട്ടുപൈതൃകം

മറുതാക്കാലം                    അനിഷ് പത്തിൽ


ഓരോ നാടിനും വരുന്ന തലമുറകളോടു പറയാൻ ഒരായിരം കഥകളുണ്ടാവും. പഴങ്കഥകളായും പഴമ്പാട്ടുകളായും ഐതിഹ്യപ്പെരുമകളായും പുരാവൃത്തങ്ങളായുമൊക്കെ ഈ കഥകൾ നമുക്കു മുന്നിൽ പട്ടുചുറ്റി, പള്ളിവാളും പേറി വെളിപ്പെട്ടു നിൽക്കുന്നു. വർഗ്ഗീകരിച്ചു പഠിച്ചാൽ, ഇത്തരം കഥകളും പാട്ടുകളും പുരാവൃത്തങ്ങളുമെല്ലാം, കാലങ്ങളായി ഗർഭത്തിൽ പേറിയിരിക്കുന്ന ചരിത്രശകലങ്ങളെ വിശ്ലേഷിച്ചറിയാനും മനസ്സിലാക്കാനും നമുക്കു കഴിയും. എന്നല്ല, ഈ കഥകളും പാട്ടുകളുമെല്ലാം  വാമൊഴികളായിത്തന്നെ  നിലകൊള്ളുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അവയെല്ലാം, വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപൂണ്ടു പോകാതെ, ശേഖരിച്ചു സൂക്ഷിക്കാനോ അച്ചടിച്ചു സംരക്ഷിക്കാനോ അധികമാരും മെനക്കെട്ടുകയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നല്ല, ആർക്കും അതിനൊട്ടു നേരമില്ലതാനും. അങ്ങനെ ക്ലേശംസഹിച്ചു സംഭരിച്ചാലോ, അവകൊണ്ട് അധികലാഭം പ്രതീക്ഷിക്കാനില്ലാത്തതാവാം യുവതലമുറ അതിനുപരിശ്രമിക്കാതെ ഒഴിഞ്ഞു നിൽക്കുന്നതിനുള്ള പ്രധാന കാരണവും. ഈ പശ്ചാത്തലത്തിലാണ് അനിഷ് പത്തിലിൻ്റെ പരിശ്രമം ഏറെ പ്രസക്തവും ശ്ലാഘനീയവുമാകുന്നത്.


കുട്ടനാടിന്റെ ഭാഗമായ കരുമാടിയിലെ മുതിർന്ന തലമുറകൾ ഓർമ്മയിൽ കരുതിവെച്ച ഒരുപിടി നാട്ടുകഥകളാണ് അനിഷ് സാഹസപ്പെട്ടു സംഭരിച്ച മറുതാക്കാലത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലേതു പോലെ, വായനക്കാരുടെഹൃദയത്തിൽ സംഭ്രമജനകവും ഭക്തിനിർഭരവും അത്ഭുതാദരവു നിറക്കുന്നതുമായ മുഹൂർത്തങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ രചന. പേരു സൂചിപ്പിക്കും പോലെ തന്നെ, മറുതയാണ് ഈ ആഖ്യാനങ്ങളിലെ കേന്ദ്ര കഥാപാത്രം.

നവോത്ഥാനത്തിൻ്റെ പ്രതാപകാലത്ത്, അന്യം നിന്നുപോയ, തൊഴിലാളികളും സാധാരണക്കാരും കർഷകരുമടങ്ങുന്ന ഗ്രാമീണ കേരളത്തിലെ പാരമ്പര്യ ജീവിതങ്ങളിൽ നിന്നു പാടേ തുടച്ചു മാറ്റപ്പെട്ട, ഒരധി ദേവതയാണ് മറുത. കാവോ, തറയോ, ഒക്കെയായിരുന്നു അവരുടെ വിഹാരഭൂമി. എന്നാൽ, മറുതയെന്ന വാക്ക് ഇന്നത്തെ തലമുറയിൽ, 'ഏതോ പ്രാകൃത മൂർത്തി'യെന്ന വികാരമേ-അധമ വികാരമേ- ഉണ്ടാക്കുകയുള്ളൂ എന്നത് മറക്കുന്നില്ല. അതിനു കാരണക്കാരാകട്ടെ, നമ്മുടെ ബഹുമാന്യരായ നവോത്ഥാന നായകന്മാർ തന്നെയാണെന്നതും മറച്ചുവെക്കേണ്ട സംഗതിയല്ല.

വാസ്തവത്തിൽ നാട്ടായ്മയുടെ ഉടലും ഉയരും ഉയിർപ്പുമായിരുന്നു ഇത്തരം നാട്ടു ദേവതകൾ. നാട്ടുകാരോടൊപ്പം ഉണ്ടും ഉറങ്ങിയും ഉണർന്നും സഹവർത്തിച്ചിരുന്നവരാണ് ഈ നാട്ടു ദേവതമാർ. ലോകമെമ്പാടും പ്രാചീന സമൂഹത്തെ ചൂഴ്ന്നു നിന്നിരുന്ന അമ്മ ദേവതാരാധനയുടെ മലയാള / പ്രാദേശിക ഭാഷ്യങ്ങളായിരുന്നു അവർ. മറുതയും ഒറ്റമുലച്ചിയും കാളിയും ചാവുണ്ടിയും, പത്തിരകാളിയും കൂളിയുമെല്ലാം അങ്ങനെ തായ്പ്പരദേവതകളായി പൂജിക്കപ്പെട്ടു. പെറ്റമ്മയെപ്പോലെ, അല്ലെങ്കിൽ അതിനേക്കാൾ പ്രിയങ്കരിയായ മറ്റൊരമ്മ-അഥവാ മറ്റൊരു തായ- അതായിരുന്നു അവർക്ക് മറുത. മറുതായയാണ് മറുതയായി നിത്യ വ്യവഹാരത്തിൽ ഉറച്ചു പോയതെന്ന് ഭാഷാ ശാസ്ത്രകാരന്മാരും സൂചിപ്പിക്കുന്നുണ്ടല്ലോ.


മന്ത്രങ്ങൾ അവർക്കു പരിചിതമല്ലായിരുന്നു. അഥവാ മന്ത്രങ്ങൾക്ക് അതീതരായിരുന്നു ഇത്തരം നാട്ടു ദേവതകൾ. എന്നല്ല, മന്ത്രങ്ങൾ അവർക്കന്യവുമായിരുന്നു. ഈ നാട്ടു ദേവതമാർ, എന്നുമെപ്പോഴും വരേണ്യ പൗരോഹിത്യത്തിന്റെ പടിക്കെട്ടുകൾക്കപ്പുറത്തായിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. അതു സ്വാഭാവികവുമായിരുന്നു. മന്ത്രങ്ങൾക്കു പകരം ചൊൽവഴക്കങ്ങളായിരുന്നു അവർക്കു പഥ്യം. ചാറ്റുപാട്ടും, തോറ്റങ്ങളുമായിരുന്നു അവരെ പ്രീതിപ്പെടുത്തിയത്. അവർക്കു പരിചയവുമതായിരുന്നു. വലിയപ്പൂപ്പൻ, ചാവര്, മാടൻ, ഭൂതത്താൻ, പുലിച്ചാവ്, മണ്ണാറപ്പേയ്, കണ്ടകമൂർത്തി തുടങ്ങിയ ഉഗ്രമൂർത്തികളായ ദേവതമാർക്കു മുന്നിൽ ഉർവ്വരതാഘോഷങ്ങളായി ബലിയും കുരുതിയും ഇടംപിടിച്ചു. കളമെഴുത്തും, കോലം കെട്ടും, പടയണിയും, കുലവാഴവെട്ടും തീപ്പന്തങ്ങളുമെല്ലാം കൂടി അലൗകികമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇത്തരം അനുഷ്ഠാന നാടകങ്ങൾക്കു പൊലിമ നൽകി.

കാലം പോയതോടെ, വിശേഷിച്ചും നവോത്ഥാനാനന്തരം, ഇത്തരം ദേവതകളുടെ ഇരിപ്പിടങ്ങളായ കാവുകളും കളങ്ങളും മലകളും മഠങ്ങളുമെല്ലാം പരിവർത്തനത്തിനു വിധേയമായി. അവിടങ്ങളിൽ നിന്നെല്ലാം ദൈവത്തിന്റെ വെളിച്ചപ്പെടലുകളെ പാടെ ഉപേക്ഷിക്കുകയും, അവർ പൗരോഹിത്യത്തിനു കുടപിടിക്കുന്ന കവടിപ്പുരകളിൽ അഭയം തേടുകയും ചെയ്തു. അതോടെ മലകളെല്ലാം ഇടിഞ്ഞു നിരപ്പാവുകയും കാവുകളൊക്കെ പറമ്പുകളായി മാറുകയും ചെയ്തു. പകരം, ക്ഷേത്ര നിർമ്മാണവും പുന:പ്രതിഷ്ഠകളും പതിവു കാഴ്ചകളായിത്തീർന്നു. അതോടെ പ്രാഗ്ജനത പിന്തുടർന്നു വന്ന അനുഷ്ഠാന ശേഷിപ്പുകളും അവരുടെ അധിദേവതകളും ഓർമ്മകളുടെ മ്യൂസിയത്തിലേക്ക് നടതള്ളപ്പെട്ടു. പുതിയ പൗരോഹിത്യമാകട്ടെ,  കുടിയിറക്കപ്പെട്ട ഇത്തരം നാട്ടുദേവതകളുടെ ഇരിപ്പിടങ്ങളിൽ ഭദ്രയെയും ദുർഗ്ഗയെയും ശിവനെയും ശാസ്താവിനെയും പ്രതിഷ്ഠിച്ചു പൂജിച്ചു തുടങ്ങി. എന്നാൽ, അത്തരമിടങ്ങളിൽ നിന്നുപോലും നാട്ടുകാർ പിന്തുടർന്നു വന്ന അനുഷ്ഠാനങ്ങളിൽ പലതും പൂർണ്ണമായും മായ്ചു കളയാൻ പൗരോഹിത്യത്തിന് കഴിഞ്ഞില്ലയെന്നതാണ് നേര്.

എന്നാൽ ഇതൊന്നുമല്ല ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. പുസ്തകത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന നാട്ടുവ്യവഹാരത്തിൻ്റെ ചൈതന്യമാണ് പുസ്തകത്തിൻ്റെ സവിശേഷ സൗന്ദര്യം.നാട്ടു ദേവതമാരുടെ ഈ വിധ പരിവർത്തനങ്ങളിലും കാലംചെയ്യലിലും- ഉള്ളുരുക്കത്തോടെ- നിശബ്ദം ഖേദിക്കുകയും നിർവ്യാജം വേദനിക്കുകയും ചെയ്യുന്ന ഒരു മനസ്സ് മറുതക്കാലത്തിന്റെ എഴുത്തുകാരനിൽ നമുക്കു ദർശിക്കാം. ഈ പുസ്തകത്തിന്റെ ചിരന്തനമായ പ്രസക്തിയും ഈ വേദന തന്നെയാണെന്നനുഭവിച്ചറിയാൻ, പുസ്തകത്തിലൂടെ ശ്രദ്ധാപൂർവ്വം കടന്നുപോകുന്നൊരാൾക്ക് വളരെവേഗം കഴിയുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം.

ഒരുദാഹരണം ഇതാ: 'ഒന്നിനുപിറകെ ഒന്നായി വീടുകൾ കയറിയിറങ്ങി പൊറുതിയാക്കി കടന്നുപോകും. പലദിവസങ്ങളിലും ഇത് പുലരുവോളം നീളും. 

ചിലരൊക്കെ മസൂരിദീനം വന്നു ചത്തുപോകും. അവരെ പറമ്പിൽ വഴുകപ്പണത്തിന് ചുറ്റിക്കെട്ടി എടുക്കും. പറമ്പിൽ ആഴത്തിൽ കുഴികുത്തിമൂടും. ആ വീടുകളിലൊക്കെ പൊറുതിയാക്കി കുരുതിയും നടത്തിയേ പോരൂ' (പേജ്.45).

പൊറുതി, ദീനം, ചത്തുപോവുക, വഴുകപ്പണം, കുഴികുത്തിമൂടും, പൊറുതിയാക്കി -നാലോ അഞ്ചോ വാചകങ്ങളിൽ ഇത്രയും ഗ്രാമ്യങ്ങൾ (slangs). നാടിൻ്റെ തനിമയുള്ള പ്രയോഗങ്ങൾ. പുത്തൻ കൂറ്റുകാരിൽനിന്നന്യമാകുന്ന ഇത്തരം ഒത്തിരിയൊത്തിരി പദകോശങ്ങൾ വായനക്കാരനു മുന്നിലേക്കു വാരിവിതറുകയാണ്, എഴുത്തുകാരൻ. അതൊക്കെ കേവലം സംസ്കാര പഠിതാക്കൾക്കു വേണ്ടി മാത്രമായല്ല എന്നതാണു ശ്രദ്ധേയം.

അനിഷിൻ്റെ ആഖ്യാനത്തിൻ്റെ ഒതുക്കവും സവിശേഷതകളും വെളിവാക്കുന്ന ഒരു രംഗംകൂടി സൂചിപ്പിക്കാതെ തരമില്ല.

 

'മറുത സകല രൗദ്രത്തോടെയും അലറിത്തുള്ളുന്നു.

'കൊണ്ടുവാ..'

പുലർച്ചയിലേക്ക് ശബ്ദം ഉയർന്നു തെറിച്ചു.

കെട്ടിയിട്ടിരുന്ന കരിങ്കോഴിയെ കാലിൽ തൂക്കി കയ്യിലേക്ക് കൊടുത്തു. അത് ചിറകടിച്ച് തലയുയർത്താൻ നോക്കി. രൗദ്രം കൊടുമ്പിരി കൊണ്ടു. കോഴിയെ കാലിലും കഴുത്തിലുമായി വട്ടം ചുഴറ്റി തുള്ളി. 

അലർച്ച..

കോഴിയുടെ കഴുത്ത് കടിച്ചു മുറിച്ചു. തൂമ്പു തുറന്ന പോലെ ചോര ചീറ്റി തെറിച്ചു..'(പേജ്.58).

വാക്കുകളിലെ മിതത്വമാണിവിടുത്തെ പ്രത്യേകത. അഥവാ, മിതമായും സാരവത്തായുമുള്ള അന്തരീക്ഷസൃഷ്ടി. എന്നാൽ, അതു വായനക്കാരിൽ എത്രയെത്ര ദൃശ്യാനുഭവങ്ങളായാണ് പ്രതിധ്വനിക്കുന്നത്.! ഇത്തരം വാങ്മയങ്ങൾ പുസ്തകത്തിലുടനീളം കാണാം.

ദീർഘിപ്പിക്കുന്നില്ല. ഒരുകാര്യം മാത്രം സൂചിപ്പിക്കട്ടെ: ശാസ്ത്രത്തിൻ്റെ കേവലയുക്തിയോ രാഷ്ട്രീയ ശരികളോ കൊണ്ടല്ല, ജനവിജ്ഞാനീയത്തിൻ്റെ ഈടുവെയ്പുകളെ അളക്കേണ്ടത്. എന്നല്ല, ചരിത്രശാസ്തത്തിൻ്റെ സാമൂഹിക വീക്ഷണവും ശാസ്ത്രീയ പരിചരണവും ആവശ്യപ്പെടുന്നുണ്ട് ഇത്തരം പാരമ്പര്യാനുഷ്ഠാനങ്ങൾ. അതിനാൽത്തന്നെ, സൗന്ദര്യ ശാസ്ത്രത്തിൻ്റെയും സംസ്കാര പഠനത്തിൻ്റെയും നരവംശ ശാസ്ത്രത്തിൻ്റെയും മാനദണ്ഡങ്ങളാലാവണം ഇത്തരം പാരമ്പര്യങ്ങളെ മൂല്യനിർണ്ണയം നടത്തേണ്ടത്. അങ്ങനെയായാൽ, ഇന്നത്തെ ജാതീയമായ വൈജാത്യങ്ങളടക്കമുള്ള വലിയ വലിയ സമസ്യകൾക്ക് ശാസ്ത്രീയമായ സമാധാനം ലഭിക്കുകയും ചെയ്യുമെന്നുള്ളതും തീർച്ചയാണ്.

രണ്ടു ഭാഗങ്ങളായാണ് പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യഭാഗത്ത് ക്ഷേത്ര സംസ്കാരത്തെ അടയാളപ്പെടുത്തുന്നു. കല്ലുമ്മേൽ മറുതാച്ചിയമ്മയും, കരുമാടിയിലെ അറുകൊലയുമാണ് ഇതിൽ ഉള്ളത്. രണ്ടാം ഭാഗം പുരാവൃത്തങ്ങളാൽ സമ്പന്നമാക്കിയിരിക്കുന്നു.

പാരമ്പര്യവഴക്കങ്ങളോടുള്ള മലയാളികളുടെ സഹജമായ അലസതയും അനാസ്ഥയും നിമിത്തം കാലഹരണപ്പെട്ടു, മൺമറഞ്ഞു പോകുമായിരുന്ന ഒരുപിടി നാട്ടുകഥകളെ ചരിത്രപ്പെടുത്തിയിരിക്കുന്നുവെന്ന കാരണത്താൽ- കുട്ടനാട്ടുകാർ, എന്നല്ല, മലയാളികൾ ഒന്നടങ്കം-അനിഷിനോടു കടപ്പെട്ടിരിക്കുന്നുവെന്നതാണു വാസ്തവം.

പ്രാദേശിക ചരിത്ര പഠനത്തിനും സംസ്കാര പഠനത്തിനും മികച്ച ഉപാദാനമാണ് ഈ പുസ്തകമെന്നത് നിസ്തർക്കമാണ്. 



-ഹരികുമാർ ഇളയിടത്ത് 

Comments

Popular posts from this blog

കവിത

ഡോ. ഏവൂര്‍ മോഹന്‍ദാസ്

രചനകൾ ക്ഷണിക്കുന്നു..