അരിപ്പാട് മഹാക്ഷേത്രം | Haripad Temple

 ക്രിസ്ത്യന്‍ യുവകവി രചിച്ച

"അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം"

മനോജ് മനയില്‍


നൂറു വര്‍ഷം മുമ്പ് ഹരിപ്പാട് മഹാക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ ആ ദാരുണസംഭവത്തെ അവലംബിച്ചെഴുതിയ ലഘുകാവ്യ ഗ്രന്ഥമാണ് "അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം." അന്നത്തെ യുവകവിയും ക്രിസ്ത്യാനിയുമായ കാർത്തികപ്പള്ളി വി. ജി ഉമ്മൻപിള്ളയാണ്‌ കാവ്യം രചിച്ചിരിക്കുന്നത്. കാർത്തികപ്പള്ളിയിലെ ജി. രാമപ്പൈ ആണ്‌ പ്രസാധകൻ. 1096-ൽ ഹരിപ്പാടുള്ള താരക എന്നു പേരുള്ള പ്രസ്സിലാണ്‌ ഈ കാവ്യം അച്ചടിച്ചിരിക്കുന്നത്. പ്രസ്സിന്‍റെ പേരില്‍ സ്ഥലനാമം രേഖപ്പെടുത്തിയത് അരിപ്പാട് എന്നല്ല, ഹരിപ്പാട് എന്നുതന്നെയാണ്. മണ്ണൂർ പത്മനാഭപിള്ളയാണ് ഗ്രന്ഥത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്. 


| നൂറുകൊല്ലം മുമ്പിറങ്ങിയ പതിപ്പിന്‍റെ recto page 

കൊല്ലവർഷം 1096 വൃശ്ചികം 22-ാം തീയതി (1920 ഡിസംബർ 7) ആയിരുന്നു‌ ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായത്. ഈ വരുന്ന 2020 ഡിംസബര്‍ ഏഴിന് ഹരിപ്പാട് ക്ഷേത്രത്തിലെ അഗ്നിബാധയ്ക്ക് നൂറു വര്‍ഷം തികയുന്നു. പുസ്തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്ന തീയതി 1096 കുംഭം 17-ാം തീയതി (1921 ഫെബ്രുവരി 28) ആണ്‌. 2021 ഫെബ്രുവരിയില്‍ ഈ ഗ്രന്ഥത്തിനും നൂറു വര്‍ഷം തികയുന്നു എന്ന പ്രത്യേകതയുമുണ്ട്. മണ്ണാറശ്ശാല ആയില്യം മാഹാത്മ്യം, നിരണം പൊൻകുരിശ്ശ്, വാരണപ്പള്ളില്‍ പത്മനാഭപ്പണിക്കര്‍ എന്നി കൃതികളുടെ കര്‍ത്താവുകൂടിയാണ് വി.ജി. ഉമ്മന്‍ പിള്ള. 


"മഹാകവി എന്‍. കുമാരാനാശാന്‍, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, സി. അന്തപ്പായി ബി.എ., മുതലായ പ്രസിദ്ധന്മാരായ മഹാന്മാര്‍ ഇദ്ദേഹത്തിന്‍റെ കവിതാചര്യകളെ ഏറ്റമേറ്റം അഭിനന്ദിച്ചിരിക്കുന്നു" എന്ന് അവതാരികയില്‍ മണ്ണൂര്‍ പത്മനാഭപിള്ള സാക്ഷ്യപ്പെടുത്തുന്നു. എന്നുമാത്രമല്ല, "ഈ പുസ്തകത്തില്‍ അവിടവിടെ വര്‍ണിച്ചു കാണിച്ചിട്ടുള്ള ചാതുര്യപരമായ വേലകള്‍ നോക്കിക്കാണുമ്പോള്‍ കവി ഒരു ക്രിസ്ത്യനല്ലെന്ന് അദ്ദേഹത്തിന്‍റെ പേരുകൊണ്ട് സംശയിക്കേണ്ടി വരുന്നതുപോലെ അനുഭവത്തിലും തോന്നിപ്പോകുന്നു" എന്നും അവതാരികാകാരന്‍ പ്രസ്താവിക്കുന്നു. 

     | മനോജ് മനയില്‍

നാല്പത് പേജുള്ളതാണ് കാവ്യഗ്രന്ഥം. നാലണയാണ് ഗ്രന്ഥത്തിന് വിലയിട്ടിരിക്കുന്നത്. കാവ്യത്തിന്‍റെ തുടക്കം കൃഷ്ണഗാഥാ രീതിയില്‍ ക്ഷേത്രചരിത്രം വിവരിക്കുന്നു. സുബ്രഹ്മണ്യനെക്കൂടാതെ ദുഃഖപരനശനായി കാണപ്പെട്ട ദേവവാഹനമായ മയിലിനോട് ഒരു ഭക്തന്‍ എന്താണ് ദുഃഖത്തിന് കാരണം എന്നു ചോദിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. 


"എന്തുകൊണ്ടീവണ്ണം സന്താപച്ചെന്തീയില്‍

വെന്തു വിവശനാകുന്നെടോ നീ!

പാടവമുള്ളോരു പൊന്മയിലേ ചൊല്‍കീ-

യാടലിനുണ്ടായ കാരണങ്ങള്‍" 

എന്നിങ്ങനെയാണ് മയിലിനോട് ചോദിക്കുന്നത്. ഇതിനുത്തരം നല്‍കിയ മയില്‍ കുമാരസംഭവകഥയും മറ്റും ഭക്തനെ പറഞ്ഞു കേള്‍പ്പിക്കുന്നു. പിന്നീട് അരിപ്പാട് എന്ന ഏകചക്ര ഗ്രാമത്തില്‍ സുബ്രഹ്മണ്യന്‍ കുടിയിരുന്നതിനെപ്പറ്റിയും ഗാഥാമട്ടില്‍ കവി മയിലിനെക്കൊണ്ട് പറയിപ്പിക്കുന്നു. 


തുടര്‍ന്നു വരുന്ന ഭാഗം എഴുത്തച്ഛ രാമായണം, സുന്ദരകാണ്ഡം കിളിപ്പാട്ടു രീതിയിലാണ്. 


"സകലബുധകലകളെയുമകമലരിലേന്തിടും/രസ്യപീയൂഷ സാരസര്‍വസ്വമേ..." എന്നാണ് ഈ ഭാഗം തുടങ്ങുന്നത്. ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചതും മാര്‍ത്താണ്ഡവര്‍മ ഏകചക്രഗ്രാമം(ഹരിപ്പാട്) തിരുവിതാംകൂറിനോട് ചേര്‍ത്തതുമെല്ലാം ഈ ഭാഗത്തില്‍  വര്‍ണിക്കുന്നു. 


മൂന്നാമത്തെ ഭാഗം തുള്ളല്‍ രീതിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. 


"അമ്മുരുകാലയ സന്നിധിയില്‍ പല

പൊന്മയദീപ സ്തംഭം നാട്ടി

കമ്പവിളക്കുകള്‍ മൂലം തങ്ങടെവമ്പു വെളിപ്പെടുകില്ലാഞ്ഞിട്ടോ

അമ്പ! മനസ്സു മയക്കിടുമിക്കൂ-

ത്തമ്പലമിവര്‍ പണി ചെയ്യിക്കുന്നു..." 


എന്നിങ്ങനെ ക്ഷേത്രത്തിലെ പലവിധത്തിലുള്ള നിര്‍മാണങ്ങളേയും ഈ ഭാഗത്തില്‍ സരസമായും ലളിതമായും വിവരിക്കുന്നു. കൂത്തമ്പലം, 'ഷണ്മുഖ മന്ദിര നേത്രം പോലെ വിളങ്ങി വിശേഷാല്‍...' എന്നാണ് കവി വര്‍ണിക്കുന്നത്. 


നാലാമത്തെ ഭാഗം നളചരിതം ദമയന്തീ വിലാപം കിളിപ്പാട്ടു രീതിയിലാണ് രചിച്ചിരിക്കുന്നത്. ഈ ഭാഗത്താണ് തീപ്പിടുത്തത്തെ വിവരിക്കുന്നത്.  


"പാവകന്‍ മഹാദുഷ്ടപ്പാപി താനശിച്ചതോ/പാപനാശനന്‍ ദേവനാപത്തില്‍ കുടുങ്ങിയോ?" എന്നാണ് വിലാപം. അഗ്നിബാധയുടെ തീയതി പറയുന്നതിപ്രകാരമാണ്:


"ആയിരത്തൊടു പുനരാറും തൊണ്ണൂറുമെണ്ണാ-

റായ കാലത്തു, കേള്‍പ്പിന്‍ വൃശ്ചികമാസമതില്‍ഇരുപതൊടു രണ്ടു തീയതി ചേര്‍ന്നതായു-

ള്ളൊരു നാള്‍ ദിനകരപ്പെരുമാള്‍ പരിഭവാല്‍...." (1000+6+90=1096 എന്നു കൊല്ലവര്‍ഷവും, 20+2=22 എന്ന് വൃശ്ചികവും) 1096 വൃശ്ചികം 22-ാം തീയതി അഗ്നിക്കിരയായപ്പോള്‍ തീകെടുത്താനും അമ്പലത്തിനെ രക്ഷിക്കാനും വന്ന ക്രിസ്ത്യാനികളായ കടവില്‍ തരകന്മാരും മുസ്ലീങ്ങളും അവരില്‍ പ്രമാണിയായ നയിനാര്‍ മുതലാളിയുമെല്ലാം ഈ കാവ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഈ കുടുംബക്കാര്‍ക്കെല്ലാം ഇക്കാരണത്താല്‍ പില്‍ക്കാലത്ത് ക്ഷേത്രത്തില്‍ ചില അവകാശങ്ങളുമുണ്ടായിരുന്നു. ഈ ഭാഗത്തോടെ കാവ്യം പരിസമാപിക്കുന്നു. 


അഗ്നിബാധയുടെ കാരണത്തെക്കുറിച്ച് കവി കൈക്കൊണ്ട നിലപാടിനെക്കുറിച്ച് അവതാരികാകാരന്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു:


"സന്യാസിയേയും മഠപ്പള്ളിക്കാരേയും മറ്റും അപവാദം പറയാതെ തിരുവടി ഷണ്മുഖന്‍ തന്നെ സ്വയം അഗ്നിയെ വിളിച്ചുവരുത്തി ക്ഷേത്രം നശിപ്പിച്ച് ശൂന്യഭക്തരായ സില്‍ബന്തികളെ നല്ല പാഠം പഠിപ്പിക്കുകയായിരുന്നു എന്നുള്ള കവിയുടെ വിവക്ഷ, ആ ദേവന്‍റെ അന്തസ്സിന് ഹാനി നേരിടാതിരിപ്പാന്‍ വളരെ ഉപകരിക്കുന്നുണ്ട്."

ഈയൊരു പ്രസ്താവം ആധുനിക കാലത്തും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രസക്തമാണ്. ക്ഷേത്രദേവനെ മനുഷ്യനേക്കാള്‍ ഹീനനായും ദുര്‍ബലനായും ചപലവികാര തരളിതനായും ചിത്രീകരിക്കുന്ന ആധുനിക ഭാഷ്യങ്ങള്‍ അരങ്ങു വാഴുന്ന വേളയില്‍ പ്രത്യേകിച്ചും! 

ക്ഷേത്രം-ദേവന്‍- ഭക്തി എന്നീ  സങ്കല്‍പ്പത്തെക്കുറിച്ച് ക്രിസ്ത്യാനിയായ കവിക്കുള്ള അറിവിനും ബഹുമാനത്തിനും ഈ കൃതി പ്രത്യക്ഷ ഉദാഹരണമാണ്. 


Comments

Popular posts from this blog

BODHI BOOKS News | പുസ്തക വാര്‍ത്ത

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

ഡോ. ഏവൂര്‍ മോഹന്‍ദാസ്