നാട്ടുപൈതൃകം
മറുതാക്കാലം അനിഷ് പത്തിൽ ഓരോ നാടിനും വരുന്ന തലമുറകളോടു പറയാൻ ഒരായിരം കഥകളുണ്ടാവും. പഴങ്കഥകളായും പഴമ്പാട്ടുകളായും ഐതിഹ്യപ്പെരുമകളായും പുരാവൃത്തങ്ങളായുമൊക്കെ ഈ കഥകൾ നമുക്കു മുന്നിൽ പട്ടുചുറ്റി, പള്ളിവാളും പേറി വെളിപ്പെട്ടു നിൽക്കുന്നു. വർഗ്ഗീകരിച്ചു പഠിച്ചാൽ, ഇത്തരം കഥകളും പാട്ടുകളും പുരാവൃത്തങ്ങളുമെല്ലാം, കാലങ്ങളായി ഗർഭത്തിൽ പേറിയിരിക്കുന്ന ചരിത്രശകലങ്ങളെ വിശ്ലേഷിച്ചറിയാനും മനസ്സിലാക്കാനും നമുക്കു കഴിയും. എന്നല്ല, ഈ കഥകളും പാട്ടുകളുമെല്ലാം വാമൊഴികളായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അവയെല്ലാം, വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപൂണ്ടു പോകാതെ, ശേഖരിച്ചു സൂക്ഷിക്കാനോ അച്ചടിച്ചു സംരക്ഷിക്കാനോ അധികമാരും മെനക്കെട്ടുകയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നല്ല, ആർക്കും അതിനൊട്ടു നേരമില്ലതാനും. അങ്ങനെ ക്ലേശംസഹിച്ചു സംഭരിച്ചാലോ, അവകൊണ്ട് അധികലാഭം പ്രതീക്ഷിക്കാനില്ലാത്തതാവാം യുവതലമുറ അതിനുപരിശ്രമിക്കാതെ ഒഴിഞ്ഞു നിൽക്കുന്നതിനുള്ള പ്രധാന കാരണവും. ഈ പശ്ചാത്തലത്തിലാണ് അനിഷ് പത്തിലിൻ്റെ പരിശ്രമം ഏറെ പ്രസക്തവു...