പനച്ചൂരാന്‍ സ്മൃതി
ഓര്‍മ്മ 'പനച്ചൂരാന്‍ ഓണാട്ടുകരഭാഷയെ സാംസ്കാരിക പ്രതിരോധമാക്കി' പത്തിയൂര്‍: സാംസ്കാരിക രംഗത്ത് അധീശത്വം പുലര്‍ത്തുന്ന ഉത്തരകേരളത്തിന്‍റെ ഭാഷയെ, വിശിഷ്യ, വളളുവനാടന്‍ ശൈലിയെ പ്രതിരോധിച്ച് സ്വന്തം പ്രദേശത്തിന്‍റെ സ്വത്വവും ഭാഷയും ശൈലിയും പ്രയോഗവും കവിതകളിലും ചലച്ചിത്ര - ലളിത ഗാനങ്ങളിലും കൊണ്ടുവന്ന എഴുത്തുകാരനാണ് അനില്‍ പനച്ചൂരാനെന്ന് കേരള യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ ഡോ. സജിത് ഏവൂരേത്ത്. കവി അനില്‍ പനച്ചൂരാന്‍റെ വിയോഗത്തിന്‍റെ മുപ്പതാം തിഥിയോടനുബന്ധിച്ച് പ്രാദേശിക ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആറാട്ടുകുളങ്ങര കളിത്തട്ടില്‍ നടന്ന 'പനച്ചൂരാന്‍ സ്മൃതി'യില്‍ 'ഓണാട്ടുകരഭാഷയുടെ ചൈതന്യം പനച്ചൂരാന്‍ കൃതികളില്‍' എന്നവിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണാട്ടുകരയുടെ ജൈവപരിസരത്തു നിന്നുളള വാക്കുകളും ചൊല്ലുകളും ശൈലികളുമാണ് പനച്ചൂരാന്‍ കടം കൊണ്ടത്. വിടുവായന്‍ തവള, സൂചിമുഖിക്കുരുവി, നടവരമ്പോര്‍മ്മയില്‍ കണ്ടു തുടങ്ങിയ ധാരാളം പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളെ ചൈതന്യവത്താക്കി...